എന്നെക്കുറിച്ച്...

My photo
അബുദാബി, അബുദാബി, United Arab Emirates
സ്വാഗതം ...

Monday, February 23, 2009

അന്യന്‍

അന്യന്‍

നീ എനിക്കെന്നും അന്യനാണ്
തിരിച്ചറിവില്ലാത്തവന്‍
മനുഷ്യന്റെ ഭാഷയില്‍
സംസാരിക്കുന്ന ദുര്‍ബ്ബലന്‍
ഭൂമിയെപ്പറ്റി മാത്രം പറയുന്നവന്‍
കാഴ്ചയിലുള്ളതു മാത്രം
പരത്തി പറയുന്നവന്‍
ആളുകള്‍ പറഞ്ഞു നീ അനന്യനാണ്
എനിക്ക് നീ അന്യനാണു
അസ്തിത്വത്തെ ചോദ്യം ചെയ്യുന്നവന്‍.

കട്ടിമീശയും കള്ളമനസ്സുമുള്ള
തത്ത്വദര്‍ശികള്‍ പറഞ്ഞു
നീ ഏകനാണ്
പരമകാരുണികനാണ്
ചിലര്‍ പറഞ്ഞു:
ചിന്മയനും ചിത്സ്വരൂപനുമാണ്
മറ്റു ചിലര്‍ പറഞ്ഞു:
കോവിലുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന്
ദീപാരാധനയ്ക്കു നട തുറന്നപ്പോള്‍
കണ്ടതു പഞ്ചലോഹ വിഗ്രഹം മാത്രം
തെരുവില്‍ മനുഷ്യരൂപങ്ങള്‍
വിശന്നു വീണു മരിച്ചപ്പോള്‍
ഭണ്ഡാരങ്ങള്‍ നിലവിളിച്ചില്ല
തുലാഭാരങ്ങളും ഉത്സവങ്ങളുമായി
നീ ഇരുട്ടില്‍ ഉല്ലസിച്ചു.

Friday, February 13, 2009

സൃഷ്ടി സ്ഥിതി സംഹാരം

സൃഷ്ടി സ്ഥിതി സംഹാരം

സൃഷ്ടി

വേദനയുടെ കടലിനു മീതെ
ചിറകില്ലാപ്പക്ഷി പറന്നുനീങ്ങുന്നു
നഷ്ടങ്ങളുടെ ഭൂഖണ്ഡത്തിലൂടെ
സങ്കല്‍പങ്ങള്‍ ഹിമാലയം കയറുമ്പോള്‍
ഹൃദയത്തില്‍ പെയ്തിറങ്ങുന്ന മഴ
ചപല ഭാവനയെ കുതിര്‍പ്പിക്കുന്നു
മുളയ്ക്കാതിരിക്കാനാവാത്ത പുറംചട്ട
വേനല്‍ ശുഷ്കിപ്പിച്ച മേനി
ഒരു പൂവായിരുന്നപ്പോള്‍
കാറ്റു വന്നു ചിരിപ്പിച്ചതെന്തിന്?
വെളിച്ചം പറഞ്ഞിരുന്നു
പ്രണയിക്കരുത്, പ്രണയിക്കരുത്
രാത്രി അവളുടെ കരവലയത്തിലാക്കി
യാമങ്ങളിലേറ്റി ചുംബിച്ചു
ബ്രാഹ്മമുഹൂര്‍ത്തത്തില്‍, താരകം
വന്നിറങ്ങുന്നതും കാത്തിരുന്നു.

സ്ഥിതി

എനിക്കു നീയും
നിനക്കു ഞാനും നഷ്ടപ്പെടുമ്പോള്‍
സഖീ, ഈ ലോകം എത്ര വിരസം.
ഞാന്‍ അക്ഷരങ്ങള്‍ നഷ്ടപ്പെട്ടവന്‍
കണ്ണീരിന്റെ ആഴവും
വേദനയുടെ വ്യാപ്തിയും
ജീവിതത്തെ തിക്തമാക്കുമ്പോള്‍
സ്നിഗ്‌ദ്ധമായ നിന്റെ സാമിപ്യം
ചുണ്ടുകളിലെ മന്ദഹാസം
വാക്കുകളിലെ തേന്മഴ
എനിക്കാശ്വാസം
ഇന്നു ഞാന്‍ എല്ലാം നഷ്ടപ്പെട്ടവന്‍.

സംഹാരം

ഇല്ലാതായിക്കൊണ്ടിരിക്കുന്ന ദ്വീപാണിത്
ഒരു പനയ്ക്കു നല്‍കാനാവുന്ന
തണല്‍ എത്ര മാത്രമാണെന്ന
തിരിച്ചറിവ് സംഭീതനാക്കുന്നു.
കന്നിയാത്രയില്‍
മനസ്സു നിറയെ മഹാവനമായിരുന്നു
പിന്നെ അത്തറിന്റെ മണവും
ഇപ്പോള്‍, മണല്‍ക്കാറ്റും
മാറാരോഗങ്ങളും കരുതല്‍ ശേഖരം

ഭഗ്നപ്രേമം

ഭഗ്നപ്രേമം

നിന്റെ കണ്ണുകളില്‍
നക്ഷത്രങ്ങള്‍ വിരിയാറുണ്ടായിരുന്നു
ചുണ്ടുകളില്‍ മുല്ലപ്പൂ വിടരാറുണ്ടായിരുന്നു
ഡോളര്‍ കായ്ക്കുന്ന
വൃക്ഷങ്ങള്‍ തേടിപ്പോയപ്പോള്‍
എനിക്കു നീ നഷ്ടപ്പെട്ടു
ഇന്നു ഞാനറിഞ്ഞു
ചെന്നായ്ക്കള്‍ കടിച്ചു കീറിയ
ആട്ടിന്‍ കുട്ടിയാണു നീ
നിന്റെ ഹൃദയത്തില്‍ നിന്നും
ചോര വാര്‍ന്നൊലിക്കുന്നു
മുന്നറിയിപ്പുകള്‍ വക വെക്കാതെ
കുഞ്ചിരോമങ്ങളില്‍
പൌരുഷം ദര്‍ശിച്ച്
ദംഷ്ട്രകളില്‍ സ്വരക്ഷ കണ്ടെത്തി
സ്നേഹം നടിച്ച്
മണം പിടിച്ചു പുറകേ കൂടി
ഓരോന്നായി ചാടി വീണു
നിന്റെ മാറു കീറിപ്പിളര്‍ന്നു
അപ്പോഴൊക്കെ നീ വാഴ്ത്തി
പൌരുഷത്തിന്റെ പ്രകടനം
ഉപദേശങ്ങള്‍ പുല്ലു പോലെ പുച്ഛിച്ച്
യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ച്
യൌവ്വനത്തിളപ്പില്‍ തുള്ളിച്ചാടി നീ നടന്നു
കൂര്‍ത്ത നഖമേറ്റ വ്രണങ്ങളില്‍
പഴുപ്പിന്റെ നാറ്റം
പ്രിയപ്പെട്ട ആട്ടിന്‍ കുട്ടി
ഇന്ന്, ഭഗ്നപ്രേമത്തിന്റെ
അഗ്നികുണ്ഡത്തില്‍
കത്തിയെരിഞ്ഞ ചാരമാണു ഞാന്‍.

Wednesday, February 11, 2009

പാഴ്കിനാവുകള്‍

പാഴ്കിനാവുകള്‍

അന്ന്
ഗ്രാമത്തിലെ പച്ചപ്പിന്റെ
തണലില്‍
‍പ്രപഞ്ചത്തിന്‍ നാനാര്‍ത്ഥംതിരയവേ
ജീവിതം സഫലമായിരുന്നു.

ഇന്ന്
മഹാനഗരപ്രാന്തത്തിലെ
മുറിയില്‍ രാപാര്‍ക്കുമ്പോള്‍
‍ജന്മം വിഫലമായെന്ന വിചാരം
ഉള്ളില്‍ നീറുന്നു.

ഇനി
ഒരു ഗ്രാമസന്ധ്യയുടെ
ശാന്തഗംഭീരത നുകരാന്‍
‍മുറിയിലൊറ്റയ്ക്കിരുന്ന്
ഓര്‍മ്മതന്‍ വനിയിലേക്കിറങ്ങവേ
ഒരു പാഴ്കിനാവാണിതെല്ലാം.

ഇപ്പോള്‍
‍തലയ്ക്കുമീതെ
ഇന്ത്യതന്‍ വരാല്‍മത്സ്യം
നീന്തി നീങ്ങവേ
കിളിപ്പാട്ടിലെ വനപര്‍വ്വത്തിലൂടെ
നീങ്ങയാണെന്‍ മാനസം.
പണയപ്പെടുത്തിയൊരാ-
സര്‍ഗ്ഗഗ്രാമത്തിലെ
പഴയ വാസസ്ഥലി
പ്രാണനില്‍ കുളിര്‍ നിലാവുപോല്‍
‍പെയ്തിറങ്ങുന്നു.
===============
അശോകന്‍ മീങ്ങോത്ത്
===============

Monday, February 9, 2009

കറുപ്പ്

റുപ്പ്

കറുപ്പ് തിന്നരുതെന്നു ഗുരു പറഞ്ഞിരുന്നു
എന്തു വശ്യതയാണതിന്
വിഷം ലഹരി മൃതി
കറുപ്പാണുയിര്‍ത്തെഴുന്നേല്‍പിന്റെ ശത്രു
ഗോല്‍ഗോഥയില്‍ പ്രഭ ചൊരിഞ്ഞ
മനുഷ്യ സ്നേഹത്തിനും
ബോധിവൃക്ഷ ഛായയില്‍
വിശ്വദര്‍ശനം ചെയ്ത മഹാനുഭാവനും
സൈകതങ്ങളില്‍ കുളിര്‍നിലാവായ്
ഉയിര്‍കൊണ്ട മാനവികതയ്ക്കും
മറയായ് കറുപ്പാണെങ്ങും
മനുഷ്യഹൃദയത്തില്‍
വിഷം ചീറ്റും സാന്നിധ്യമായ്
ഗോത്രങ്ങള്‍ തന്‍ വേരില്‍
പഴുപ്പായ് പടരുമര്‍ബുദം
കറുപ്പാണെനിക്കേറ്റം ഭയമാണതിനെ
ഋഷിവര്യന്മാര്‍ കുളിച്ച കടവില്‍
അണ കെട്ടി നിര്‍ത്തി
വിഷം ചീറ്റി കാളീയന്മാര്‍ മദിക്കുന്നു
ചോര മണമുള്ള കറുപ്പിനെ
ഭയമാണെനിക്ക്
===============
അശോകന്‍ മീങ്ങോത്ത്
===============

അലക് ഷ്യത

അലക് ഷ്യത

വേട്ടയാടിക്കൊണ്ടിരിക്കുന്നത്
ഇന്നലേകളുടെ ദുര്‍ഭൂതം
രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്
പാരമ്പര്യത്തിന്റെ വിഷം
പിന്തിരിഞ്ഞോടാന്‍ വഴികളില്ല
മുട്ടാനുള്ള വാതിലുകളില്‍
"പ്രവേശനമില്ല അന്യര്‍ക്ക്"
ഏതു തിരിവിലേക്കാണു
വണ്ടി വിടേണ്ടത്,
"സൂക്ഷിക്കുക, ശ്രദ്ധിച്ചു വാഹനമോടിക്കുക"
മുന്നറിയിപ്പുകള്‍
അപകടം പതിയിരിക്കുന്ന പാതകള്‍
‍അര്‍ത്ഥവും പദവിയും
വ്യാമോഹിപ്പിക്കുന്ന മഹാനഗരം
അലക് ഷ്യ തയുടെ അന്ത്യം
ഇവിടമാണോ?

അശോകന്‍ മീങ്ങോത്ത്
==============

Powered By Blogger